ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ ചർച്ചയാവുമ്പോൾ തമിഴ് സിനിമാ മേഖലയും ഇതിൽ നിന്ന് വിഭിന്നമല്ലെന്ന് നടി കുട്ടി പത്മിനി. സിനിമാ മേഖലയിൽ നിന്നും നേരിട്ട ലൈംഗികാതിക്രമങ്ങൾ കൊണ്ട് നിരവധി സ്ത്രീകൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അവർ ആരോപിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സീരിയൽ നിർമാതാവ് കൂടിയായ കുട്ടി പത്മിനിയുടെ വെളിപ്പെടുത്തൽ.
” സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങൾ നേരിട്ടാലും സ്ത്രീകൾ അത് പുറത്തു പറയാൻ ധൈര്യപ്പെടുന്നില്ല. അതിക്രമം നടന്നുവെന്ന് തെളിയിക്കാൻ അവർക്കാകില്ലെന്ന കാരണത്താലും സ്ത്രീകൾ ഇത്തരം സംഭവങ്ങൾ മറിച്ചു വയ്‌ക്കുന്നു. സിനിമാ മേഖലയിൽ നിന്നും ഇത്തരം മോശപ്പെട്ട അനുഭവങ്ങൾ ഞാനും നേരിട്ടുണ്ട്.”- കുട്ടി പത്മിനി പറഞ്ഞു.
ചെറുപ്പത്തിൽ തന്നെയും പീഡിപ്പിക്കാൻ സിനിമാ മേഖലയിലെ ചില ആളുകൾ ശ്രമിച്ചതായി അവർ പറഞ്ഞു. തനിക്ക് നേരിട്ട ദുരനുഭവം ബോളിവുഡ് സിനിമാ മേഖലയിൽ ഉന്നയിച്ചപ്പോൾ സിനിമയിൽ നിന്നും ഒഴിവാക്കിയതായും അവർ ആരോപിച്ചു. അക്രമങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നവർക്ക് തടയിടാൻ എതിരാളികൾ ശ്രമിക്കും. ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് ഗായിക ചിന്മയ്‌ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും നടി ആരോപിച്ചു.
അവസരങ്ങൾക്കും പണം സമ്പാദിക്കുന്നതിനായും ഇത്തരം ലൈംഗികാതിക്രമങ്ങൾ സഹിക്കുന്ന സ്ത്രീകളുമുണ്ട്. അവർ കരിയർ മെച്ചപ്പെടുത്തുന്നതിനായി എല്ലാം സഹിച്ചു നിൽക്കുകയാണെന്നും കുട്ടി പത്മിനി ആരോപിച്ചു.