ന്യൂഡൽഹി: വിദേശ നിക്ഷേപത്തിന് സിംഗപ്പൂർ എയർലൈൻസിന് (എസ്ഐഎ) അനുമതി നൽകി കേന്ദ്രം. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനത്തിന്റെ ഭാഗമായാണ് വിദേശ നിക്ഷേപം നടത്താൻ സിംഗപ്പൂർ എയർലൈൻസിന് അനുമതി നൽകിയത്. 276 ദശലക്ഷം ഡോളർ നിക്ഷേപം നടത്തുമെന്നാണ് പ്രാഥമിക വിവരം.
ടാറ്റ ഗ്രൂപ്പിനാണ് എയർ ഇന്ത്യയുടെ ഉടമസ്ഥത. സിംഗപ്പൂർ എയർലൈൻസുമായി ചേർന്നാണ് ടാറ്റാ വിസ്താരയെ നയിക്കുന്നത്. വിസ്താര എയർലൈൻസിൽ 49 ശതമാനം ഓഹരി പങ്കാളിത്തം സിംഗപ്പൂർ എയർലൈൻസിനാണ്. 2022-ലാണ് വിസ്താര എയർലൈൻസ് എയർ ഇന്ത്യയുമായി ലയനത്തിന് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ ലയന നടപടികൾ പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ലയനം പൂർത്തിയാകുന്നതോടെ എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തം സിംഗപ്പൂർ എയർലൈൻസിന് ഉണ്ടാകും.
എയർ ഇന്ത്യ-വിസ്താര ലയനം ആഭ്യന്തര, അന്താരാഷ്‌ട്ര വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സിംഗപ്പൂരിന്റെ കോമ്പറ്റീഷൻ റെഗുലേറ്റർ മാർച്ചിൽ നിർദ്ദിഷ്ട കരാറിന് അനുമതി നൽകിയിരുന്നു. പിന്നാലെ ഈ വർഷം ജൂണിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) ലയനത്തിന് അംഗീകാരം നൽകി. മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ലയനം പൂർത്തിയാകുന്നതോടെ എയർ ലൈൻഗ്രൂപ്പുകളിൽ ഏറ്റവും വലുതാകും എയർ ഇന്ത്യ-വിസ്താര.















