മലയാള സിനിമാ നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയ ഏക നടൻ പൃഥ്വിരാജ് ആണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളി നടി ഷക്കീല. പൃഥ്വിരാജ് നല്ലതൊന്നും ചെയ്തിട്ടില്ലെന്നും ഇത്തരമൊരു സന്ദർഭത്തിൽ പൊതുവായി നൽകുന്ന ഉത്തരം മാത്രമാണ് നടൻ നൽകിയതെന്നും ഷക്കീല പ്രതികരിച്ചു. പൃഥ്വിരാജിനെ അത്ര പെർഫെക്ടായി ഉയർത്തി കാണിക്കേണ്ട എന്നും നടി തുറന്നടിച്ചു. തമിഴ് ഓൺലൈൻ ചാനലായ ഗലാട്ട വോയിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
“പൃഥ്വിരാജ് എന്താണ് നല്ലത് ചെയ്തത്!, ഇക്കാര്യത്തിൽ ഞാനും നിങ്ങളും പറയുന്നത് തന്നെയല്ലേ പൃഥ്വിരാജും പറഞ്ഞത്. അതല്ലാതെ പൃഥ്വിരാജ് എന്ത് ചെയ്തു. അന്വേഷണം നടത്തണം, സത്യമാണോ എന്ന് അറിയണം, പ്രതികളെ ശിക്ഷിക്കണം. ഇതല്ലേ പൃഥ്വിരാജ് പറഞ്ഞത്. ഇതുതന്നെയല്ലേ നമ്മളും പറയുക. മാധ്യമങ്ങളുടെ ചോദ്യത്തിന് പൊതുവേ പറയുന്ന ഉത്തരമാണിത്. ഇതിന്റെ പേരിൽ പൃഥ്വിരാജിനെ പറ്റി സംസാരിക്കേണ്ട ആവശ്യം പോലുമില്ല”.
“മോഹൻലാലിനോട് പോയി ചോദിച്ചാലും പൃഥ്വിരാജ് പറഞ്ഞ അതേ മറുപടി തന്നെ ലഭിക്കും. ആരോട് ചോദിച്ചാലും ഈ ഉത്തരമായിരിക്കും ലഭിക്കുക. അല്ലാതെ പൃഥ്വിരാജ് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇന്നയാൾ നല്ലത്, ഇന്നയാൾ മോശം എന്നൊന്നും പറയാൻ കഴിയില്ല. ഇവരും ഇത് ചെയ്തിട്ടുണ്ടോ എന്ന് പറയാൻ സാധിക്കില്ല. മാധ്യമത്തിനു മുൻപിൽ സംസാരിച്ചത് കൊണ്ട് പൃഥ്വിരാജ് പെർഫെക്ട് ആണെന്ന് പറയാൻ ശ്രമിക്കേണ്ട. ഒരുപാട് വിഷയങ്ങൾ പലരെയും പറ്റി എനിക്ക് നന്നായി അറിയാം. അതുകൊണ്ട് എന്തെങ്കിലും ഒരു പ്രസ്താവന നടത്തി എന്നതിന്റെ പേരിൽ ഒരാൾ വലിയ സംഭവമാണെന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല”-ഷക്കീല പറഞ്ഞു.