തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് പരാതിക്കാരിയായ യുവനടി. സിനിമാ ലൊക്കേഷനിലെ ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സമയത്തായിരുന്നു തനിക്കെതിരെ ലൈംഗികാതിക്രമുണ്ടായതെന്ന് അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു നടി.
‘ പിഗ്മാൻ’ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത്. ശുചിമുറിയിൽ പോയി തിരിച്ചു നടക്കുന്നതിനിടെ നടൻ കയറിപിടിക്കുകയായിരുന്നു. ആ സമയത്ത് ഒരുപാട് ഭയന്നു പോയെന്നും ചെയ്തത് മോശമായിപ്പോയെന്ന് നടനോട് പറഞ്ഞിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. എന്നാൽ സംഭവം വിഷയമാക്കരുതെന്നും സംവിധായകനോട് പറയരുതെന്നും നടൻ ആവശ്യപ്പെട്ടതായും നടി ആരോപിച്ചു.
തന്റെ ആദ്യ സിനിമയായതിനാലും ലൊക്കേഷൻ പരിചയമില്ലാത്തതിനാലും വിഷയം മൂടി വയ്‌ക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. സിനിമയിലെ മറ്റ് അംഗങ്ങൾ വെവ്വേറെ ലൊക്കേഷനുകളിലായിരുന്നതിനാൽ തനിക്കെതിരെയുണ്ടായ അക്രമം കാണാൻ ഇടയില്ലെന്നും അവർ പറഞ്ഞു.
ജയസൂര്യക്കെതിരെയെടുക്കുന്ന രണ്ടാമത്തെ ലൈംഗികാതിക്രമ കേസാണിത്. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.