കൊല്ലം: കൊല്ലം എം എൽ എ ആയ ചലച്ചിത്ര നടൻ എം. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് രാജി വെക്കുന്ന വിഷയത്തിൽ സിപിഐ ക്കുള്ളിൽ തർക്കം. ദേശീയ നേതൃത്വത്തിലുള്ള ആനി രാജയുമായുള്ള ഭിന്നത സംസ്ഥാന സെക്രട്ടറി ബിയോയ് വിശ്വം പരസ്യമായി പ്രകടിപ്പിച്ചു. എം മുകേഷ് എം എൽ എ ക്കെതിരെ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ അദ്ദേഹം എം എൽ സ്ഥാനം രാജിവെക്കണമെന്ന നിലപാട് ആനി രാജ പരസ്യമായി തന്നെ പറഞ്ഞിരുന്നു.
ആനി രാജയുടെ ഈ നിലപാടിനെയാണ് സംസ്ഥാന സെക്രട്ടറി ബിയോ വിശ്വം പരസ്യമായി തള്ളിപ്പറഞ്ഞത്.കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാർട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട് എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
‘എല്ലാത്തിനും പരിഹാരമുണ്ടാകും. സി.പി.എം-സി.പി.ഐ തർക്കമില്ല. പിന്നെ സി.പി.ഐയിലെ കാര്യം. അവിടെ അങ്ങനെ പറഞ്ഞു, ഇവിടെ ഇങ്ങനെ പറഞ്ഞു എന്ന് പറയേണ്ടതില്ല. അവിടേയും ഇവിടേയും പാർട്ടിക്ക് ഒരു നിലപാടേയുള്ളൂ. ആനി രാജ എൻ.എഫ്.ഐ.ഡബ്ല്യു നേതാവാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് സംസ്ഥാനത്തെ പാർട്ടിയും സെക്രട്ടറിയുമാണ്. ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണ്’, ബിനോയ് വിശ്വം പറഞ്ഞു.
മുകേഷ് രാജിവയ്‌ക്കുന്ന വിഷയത്തിൽ സി.പി.എം. സി.പി.ഐ തർക്കമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു . മുകേഷ് രാജിവെച്ചു പുറത്ത് പോകണമെന്നതാണ് സി.പി.ഐ നിലപാടെന്ന രീതിയിൽ ചില വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ഈ ആവശ്യമുന്നയിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതിനിടെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയതും അനിരാജയെ തള്ളിപ്പറഞ്ഞതും. ഇടതുസർക്കാർ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു.















