അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ വിദ്യാർത്ഥിനികളുടെ വൻ പ്രതിഷേധമാണ് കോളേജിലും ഹോസ്റ്റലിലും നടക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ബോയ്സ് ഹോസ്റ്റലിലുള്ള അവസാന വർഷ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റലിലെ നൂറുകണക്കിന് വിദ്യാർത്ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒളിക്യാമറ സ്ഥാപിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു. എന്നാൽ ശുചിമുറിയിൽ നിന്ന് ക്യാമറ കണ്ടെത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
സംശയമുള്ള എല്ലാ വിദ്യാർത്ഥികളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോളേജിൽ കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികളുടെയും കോളേജ് ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
കൃഷ്ണ ജില്ലയിലെ ഗുഡ്ലാവെല്ലേരു എഞ്ചിനീയറിംഗ് കോളേജിലെ ക്യാമ്പസ് ഹോസ്റ്റിലിനുള്ളിൽ നിന്നാണ് ഒളിക്യാമറ കണ്ടെടുത്തത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടർ ഡി കെ ബാലാജി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.