ധാക്ക : ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ ദൗത്യത്തെ അയക്കാൻ യുഎൻ മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു. യു എൻ നിയോഗിച്ച ഒരു സംഘം ആഗസ്റ്റ് 22 മുതൽ 29 വരെ ഇടക്കാല സർക്കാരിലെ ഉപദേഷ്ടാക്കൾ ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.
നേരത്തെ,ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ വസ്തുതാന്വേഷണ ദൗത്യം നടത്താൻ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിന് മുഖ്യ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് യൂനസിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു.
“പ്രതിഷേധത്തിനിടെ നടന്ന ലംഘനങ്ങളെയും ദുരുപയോഗങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും മൂലകാരണങ്ങൾ വിശകലനം ചെയ്യുന്നതിനും നീതിയും ഉത്തരവാദിത്തവും മുന്നോട്ട് കൊണ്ടുപോകുന്നതിനും ദീർഘകാല പരിഷ്കാരങ്ങൾക്കുമായി ശുപാർശകൾ നൽകുന്നതിനുമായി ആഴ്ചകളിൽ ബംഗ്ലാദേശിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ വിന്യസിക്കും”. യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.















