തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം ഹാജരാക്കാനാവശ്യപ്പെട്ട ദേശീയ വനിതാകമ്മീഷൻ നടപടി സ്വാഗതാർഹമായ നീക്കമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിഷയത്തിൽ സന്ദീപ് വാചസ്പതി വനിതാകമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്‌ക്കുള്ളിൽ പകർപ്പ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കാണ് വനിതാകമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ കേരളത്തിൽ നടക്കുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളല്ല. പോക്സോ, അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയക്കടക്കം മലയാള സിനിമയിൽ സ്വാധീനമുണ്ടെന്ന അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങളെല്ലാം പൊതു സമൂഹത്തിനു മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്. എന്നാൽ ഇത്തരം ഗുരുതരമായ കണ്ടെത്തലുകൾ പിണറായി വിജയൻ ഗവൺമെൻറ് പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
സിനിമാമേഖല അടക്കമുള്ള അസംഘടിത മേഖലയിലെ ചൂഷണം അനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും അവരെ ആക്രമിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള അവസരമായാണ് ബിജെപി വിഷയത്തെ കാണുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.















