രജനികാന്ത് നായകനാകുന്ന ചിത്രം കൂലിയുടെ കാരക്ടർ പോസ്റ്ററുകൾ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ശ്രുതി ഹാസന്റെ കാരക്ടർ പോസ്റ്ററാണ് സംവിധായകൻ പങ്കുവച്ചത്. കയ്യിൽ മൺവെട്ടിയുമായി നിൽക്കുന്ന ശ്രുതി ഹാസന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

നാഗാർജുനയുടെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ കാരക്ടർ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തിരുന്നു. പ്രീതി എന്ന കഥാപാത്രമായി ശ്രുഹി ഹാസൻ എത്തുമ്പോൾ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. താരങ്ങളെ സിനിമയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് എക്സിലൂടെയാണ് ലോകേഷ് പോസ്റ്ററുകൾ റിലീസ് ചെയ്തത്.

കഴിഞ്ഞ ദിവസം സൗബിർ ഷാഹിറിന്റെ കാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വ്യത്യസ്ത ലുക്കിലുള്ള സൗബിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. ബോളിവുഡ് നടൻ ആമിർ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നാണ് അനൗദ്യോഗിക വിവരം.

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. 2025-ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.















