ശ്രീനഗർ: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്ന് നാഷണൽ കോൺഫറൻസ് പാർട്ടി (NC) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. സഖ്യത്തിനായി ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകൾ പോലും പാർട്ടിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒമർ അബ്ദുള്ള.
കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ ന്യായീകരിച്ച ഒമർ അബ്ദുള്ള എല്ലാം കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ആവർത്തിച്ചു. “ഞങ്ങളുടെ ഈ പോരാട്ടം ജമ്മു കശ്മീരിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങൾ കോൺഗ്രസുമായി കൈകോർത്തത്. ഇത് ഞങ്ങൾക്ക് എളുപ്പമുള്ള തീരുമാനമല്ലായിരുന്നു. കാരണം NC ക്ക് മാത്രമേ കടുത്ത പോരാട്ടം നടത്താൻ കഴിയൂ എന്ന് ഉറപ്പുള്ള സീറ്റുകൾ ഞങ്ങൾക്ക് ത്യജിക്കേണ്ടിവന്നു,” എൻസി വൈസ് പ്രസിഡൻ്റ് പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കോൺഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസുമായുള്ള സഖ്യത്തിന്റെ ആദ്യ പ്രത്യാഘാതം കണ്ടതെന്ന് അബ്ദുള്ള പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചത്.