മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രം വാഴൈ പ്രേക്ഷകരുടെ മനസ് കീഴടക്കിയോ.. ഇനി ആ ചോദ്യത്തിന്റെ ആവശ്യമില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കണ്ണ് നിറഞ്ഞല്ലാതെ തിയേറ്ററുകളിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ലെന്നും പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്ര മനോഹരമായാണ് മാരി സെൽവരാജ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.
ആദ്യ ഷോയിൽ തന്നെ വലിയ തിരക്കാണ് തിയേറ്ററുകളിലുണ്ടായിരുന്നത്. അധികം പ്രമോഷനുകളൊന്നും ഇല്ലാതെ പുറത്തെത്തിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിഖില വിമലിന്റെ അഭിനയത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് സിനിമാസ്വാദകർ പങ്കുവക്കുന്നത്. മലയാള സിനിമാ മേഖലക്ക് അഭിമാനിക്കാൻ കഴിയുന്ന പ്രകടനമാണ് നിഖില കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറഞ്ഞു.
സിനിമയുടെ അവസാന ഭാഗമൊക്കെ കണ്ടപ്പോൾ സങ്കടം സഹിക്കാനായില്ല. കുറച്ച് നേരത്തേക്ക് ആർക്കും പരസ്പരം സംസാരിക്കാൻ പോലും കഴിയാതെയാണ് ചിത്രം കണ്ടുതീർത്തത്. യഥാർത്ഥ സംഭവമാണ് ചിത്രം പറഞ്ഞത് എന്നുകൂടി അറിഞ്ഞപ്പോൾ കൂടുതൽ സങ്കടമായെന്നും പ്രേക്ഷകർ പറയുന്നു.
ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാവരും തിയേറ്ററുകളിൽ പോയി സിനിമ കാണണം. കുറ്റം പറയാനായി ഒന്നുമില്ല. അത്രയ്‌ക്കും മനസ് നിറയ്‌ക്കുന്ന കഥയാണ് വാഴൈ. എല്ലാ താരങ്ങളും ജീവിക്കുന്നുവെന്നാണ് തോന്നിയത്. സ്വന്തം വീട്ടിൽ നടക്കുന്ന സംഭവങ്ങളാണെന്ന ഫീലാണ് ഉണ്ടായതെന്നും പ്രേക്ഷകർ പറഞ്ഞു.
ചെറിയൊരു സംഭവത്തെ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിലാണ് നിഖില വിമൽ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത കുട്ടികളുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.