തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുബത്തിന് ആശ്വാസമായി ഭാര്യയ്‌ക്ക് സഹകരണ ബാങ്കിൽ ജോലി. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്‌ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം.
ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അർജുനെ അപകടത്തിൽ കാണതായതോടെ കുടുംബത്തിന്റെ അതിജീവനം വഴിമുട്ടിയിരുന്നു. ഭാര്യയ്‌ക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ നിന്ന് തടിയുമായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുന്റെ ലോറി ഉൾപ്പെടെ കാണാതായത്. രാത്രി ലോറി വഴിയരികിൽ നിർത്തി വിശ്രമിക്കുന്നതിനിടെ ദേശീയപാതയോട് ചേർന്ന കുന്നിടിഞ്ഞ് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു.
റോഡിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞുവീണിരുന്നു. മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്ന നിഗമനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മണ്ണിടിഞ്ഞ റോഡിന്റെ ഒരു വശത്തുളള ഗംഗാവാലി പുഴയിൽ ലോറി പതിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. പുഴയിലെ അടിയൊഴുക്ക് കാരണം ഇതുവരെ ലോറിയും കണ്ടെത്താനായിട്ടില്ല.















