ചെവിയുടെ ശസ്ത്രക്രിയക്കിടെ വനിത കോൺസ്റ്റബിൾ മരിച്ചു. അമിത അളവിൽ അനസ്തേഷ്യ നൽകിയെന്നാണ് സൂചന. ഇതാണ് 28-കാരിയായ ഗൗരി പട്ടേലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അന്ധേരിയിലെ ആക്സിസ് ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത അംബോലി പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബൈ പാെലീസിലെ പ്രാദേശിക ആയുധ വിഭാഗത്തിലാണ് ഗൗരി ജോലി ചെയ്തിരുന്നത്.
“ഗൗരിയുടെ വലതു ചെവിക്ക് പ്രശ്‌നമുണ്ടായിരുന്നു, തണുത്ത ഭക്ഷണം കഴിക്കുമ്പോഴെല്ലാം അവളുടെ ചെവിയിൽ നിന്ന് വെള്ളം വരുമായിരുന്നു, ഇതോടെ ആക്‌സിസ് ഹോസ്പിറ്റലിൽ ചികിത്സ തേടി. ഓഗസ്റ്റ് 28 ന് അഡ്മിറ്റ് ചെയ്യുകയും 30ന് ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു.എന്നാൽ 29ന് വൈകിട്ട് 6 മണിക്ക്, ഡോക്ടർ പെട്ടെന്ന് അവളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഏകദേശം 15-20 മിനിറ്റുകൾക്ക് ശേഷം അനസ്തേഷ്യ നൽകി. എട്ടുമണിയോടെ ജീവനക്കാർ പരിഭ്രമത്തോടെ ഒടുന്നത് കണ്ടു.എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല. അവൾക്ക് ചലനമില്ലെന്നും അവളുടെ രക്തസമ്മർദ്ദം താഴ്ന്നുവെന്നും ജീവനക്കാർ അറിയിച്ചു. പക്ഷേ ഹൃദയമിടിക്കുന്നുണ്ടെന്ന് പറഞ്ഞ് അവളെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ രാത്രി 9:50 ന് അവൾ മരിച്ചെന്ന് ഞങ്ങളോട് പറഞ്ഞു”.—സഹോദരൻ വിനായക് പാട്ടീൽ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി. അവളുടെ രണ്ട് പൊലീസ് സുഹൃത്തുക്കൾ അവിടെ ശസ്ത്രക്രിയയ്‌ക്ക് വിധേയരായതിനാലാണ് ഗൗരിയും ആക്സിസ് ആശുപത്രി തിരഞ്ഞെടുത്തത്. അവിവാഹിതയായ ഗൗരി മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കണ്ടിവാലി ഈസ്റ്റിൽ താമസിച്ചിരുന്നത്. അമിതമായി അനസ്തേഷ്യ നൽകിയാണോ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഡോക്ടർമാർക്ക് വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.