കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ ഏഴ് വയസുകാരന്റെ ശരീരത്തിൽ സൂചി കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. അന്നേദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെയാണ് കൂട്ടനടപടി. 7 നഴ്‌സുമാരെയും 2 നഴ്‌സിംഗ് അസിസ്റ്റൻറുമാരെയുമാണ് സ്ഥലം മാറ്റിയത്.
അതേസമയം അത്യാഹിത വിഭാഗത്തിൽ അന്നേദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെഡിക്കൽ ഓഫീസർ അടക്കമുള്ളവരെ സംരക്ഷിക്കുന്നതിനാണ് നഴ്സുമാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് നഴ്‌സുമാരുടെ സംഘടന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 19നാണ് പനി ബാധിച്ച് ചികിത്സ തേടിയ കുട്ടിയുടെ ശരീരത്തിൽ മറ്റാർക്കോ ഉപയോഗിച്ച ശേഷം കിടക്കയിൽ ഇട്ടിരുന്ന സിറിഞ്ചിലെ സൂചി തുളച്ചു കയറിയത്. ആർക്ക് ഉപയോഗിച്ച സിറിഞ്ചാണെന്ന് അറിയാത്തതിനാൽ കുട്ടിക്ക് ദീർഘകാലം തുടർ പരിശോധനകൾ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
നിരന്തരമായ പരിശോധനകൾ അടക്കം നടത്തി മാത്രമേ മുന്നോട്ട് പോകാനാകൂ എന്നറിഞ്ഞതോടെ കുട്ടിയുടെ കുടുംബവും ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്ന ഡിഎംഒയുടെ റിപ്പോർട്ടിനെ തുടർന്നാണ് കൂട്ടനടപടിക്ക് ശുപാർശ നൽകിയത്.















