കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളിൽ നിയമനടപടി നേരിടുന്ന നടൻ മുകേഷ് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. അഭിഭാഷകനായ ജിയോ പോളിന്റെ പുത്തൻകുരിശിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച്ച.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേരിട്ടുള്ള ചർച്ചയാണ് ഇന്ന് നടന്നതെന്നും കേസിൽ നിരപരാധിയാണന്ന് ബോധ്യമുള്ളയാൾ എന്ന നിലക്ക് നിയമ സംവിധാനത്തിൽ വിശ്വസിച്ച് അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകും മുകേഷ് ശ്രമിക്കുകയെന്നും ജിയോ പോൾ പിന്നീട് പറഞ്ഞു.
നിരപരാധിത്വം കോടതിയെ ബോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പരാതിക്കാരിയുടെ സ്ഥിരതയില്ലായ്മ ഇതിനോടകം വ്യക്തമായിട്ടുള്ളതാണന്നും ജിയോ പോൾ ജനം ടിവിയോടു പറഞ്ഞു. രാവിലെയാണ് തിരുവനന്തപുരത്ത് നിന്നും മുകേഷ് കേസിന്റെ ആവശ്യത്തിനായി കൊച്ചിയിലെത്തിയത്. ഒന്നിലധികം ജൂനിയർ ആർട്ടിസ്റ്റുകളാണ് മുകേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുമെടുത്തിരുന്നു.
എന്നാൽ മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി തൽക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കാനും മുകേഷിൽ സമ്മർദ്ദം ശക്തമാണ്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ പരമ്പരയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. വാഹനത്തിലെ എംഎൽഎ ബോർഡ് ഉൾപ്പെടെ അഴിച്ചുമാറ്റിയാണ് മുകേഷ് കൊച്ചിയിലേക്ക് പോയത്.















