പത്തനംതിട്ട: തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക പരാതി. മൂന്നു മാസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്നും അർഹതപ്പെട്ട നിരവധി ആളുകൾ അന്തിമ പട്ടികയിൽ ഒഴിവാക്കുകയും, കരട് പട്ടികയിൽ അനുവദിച്ച സ്റ്റേഷനുകളിൽ നിന്നും മാറ്റുകയും ചെയ്തുവെന്നാണ് ജീവനക്കാർ ആക്ഷേപിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് വിമർശനം ഉയർന്നത്.
ഭരണാനുകൂല സംഘടനകളുടെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് പട്ടിക അട്ടിമറിച്ചതെന്നാണ് വിമർശനം. സ്ഥലംമാറ്റ ചട്ടങ്ങളും, മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് ഈ നീക്കമെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ഗുരുതര ക്രമക്കേടുകളാണ് നടന്നത്. ഓൺലൈൻ സ്ഥലംമാറ്റങ്ങളുടെ വിശ്വാസ്യത പോലും ഇല്ലാതാക്കിയ കുറ്റക്കാരായ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.
വിഷയത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർക്ക് എൻജിഒ സംഘ് പരാതി നൽകി. ഉത്തരവ് പുന:പരിശോധിച്ച് ജീവനക്കാർക്ക് അർഹമായ സ്ഥലംമാറ്റം അനുവദിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു.