തൃശ്ശൂര്‍: സിപിഎം എം എൽ എ യും നടനുമായ എം എം. മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിക്ക് സിപി എമ്മുമായി ബന്ധമുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തു വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് എം മുകേഷിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.
സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ മകളാണ് സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ്. ഇവർ പണഞ്ചേരി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു എന്നാണ് അനില്‍ അക്കര പറയുന്നത്.
നടൻ ദിലീപ് ഉൾപ്പെട്ട 2017-ല്‍ നടി ആക്രമിക്കപ്പെട്ടകേസില്‍ ജഡ്ജി ആരോപണ വിധേയയാണെന്നും അനില്‍ അക്കര കുറ്റപ്പെടുത്തുന്നു.
ഈ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് അടക്കം നഷ്ടപ്പെട്ട വിഷയത്തില്‍ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇങ്ങിനെയുള്ള ജഡ്ജി ഹണി എം. വര്‍ഗീസ് കേസില്‍ വാദം കേള്‍ക്കുന്നതും വിധി പറയുന്നതും നീതിപൂര്‍വമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കരയുടെ പരാതി.
ചൊവ്വാഴ്ചവരെ കോടതി എം മുകേഷിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. എം എൽ എയുടെ ജാമ്യാപേക്ഷയില്‍ സെപ്റ്റംബര്‍ രണ്ടിന് വാദംകേള്‍ക്കും.















