വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഉൾപ്പടെ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി വിക്ഷേപിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലെത്തുമെന്ന് നാസ. ഹീലിയം ചോർച്ചയും ഒന്നിലധികം ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും ഉൾപ്പടെ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് പേടകത്തിന്റെ മടക്കം.
ആറിന് ഇന്ത്യൻ സമയം വൈകുന്നേരം 3.30-നാകും പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ പേടകം ലാൻഡ് ചെയ്യും. പാരച്യൂട്ടുകളുടെ സഹായത്തോടെയാകും പേടകം ഇറങ്ങുക. തകരാറുള്ള പേടകത്തിൽ തിരികെ വരുന്നത് ഉചിതമല്ലാത്തതിനാൽ, സുരക്ഷാ കാരണങ്ങളാൽ ബഹിരാകാശ യാത്രികർ വരുന്ന വർഷം ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ പേടകം വഴിയാകും ഭൂമിയിലെത്തുക.
എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ
ഒരാഴ്ച മാത്രം ആയുസ് നിശ്ചയിച്ചിരുന്ന ദൗത്യമാണ് സാങ്കേതിക തകരാറുകൾ കാരണം മാസങ്ങളോളം നീണ്ടുപോയത്. ജൂൺ അഞ്ചിന് വിക്ഷേപിച്ച സ്റ്റാർലൈനർ പേടകം പിറ്റേ ദിവസം ബഹിരാകാശ നിലയത്തിലെത്തി. ഹീലിയം ചോർച്ച ഉണ്ടായതിനെ തുടർന്ന് പലവട്ടം യാത്ര മാറ്റിവച്ചിരുന്നു. എന്നാൽ യാത്രയ്‌ക്കിടെ വീണ്ടും ഹീലിയം ചോർന്നു, 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തനരഹിതമായി. ഇവ പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇത്രയും നാൾ പേടകത്തെ ബഹിരാകാശ നിലയത്തിൽ നിലനിർത്തിയത്.















