തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് സുപ്രധാന നീക്കം. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് തിരിച്ചു.
എല്ലാം നടക്കട്ടെ എന്ന് മാത്രമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരിൽ ചില പരിപാടികളുണ്ട്, ഇന്ന് തിരുവനന്തപുരത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബിജെപി പ്രഭാരി പ്രകാശ് ജാവേദ്ക്കർ എത്തിയതുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.
വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറാണ് ഇരുവരും തമ്മിൽ കണ്ട വിവരം വെളിപ്പെടുത്തിയത്. ഒരാൾ വീട്ടിൽ വരുമ്പോൾ ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലാലോ അതിനാൽ തന്നെ വീട്ടിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചെന്ന് ഇപി വ്യക്തമാക്കിയിരുന്നു. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. ദല്ലാൾ നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.















