കൊച്ചി: ഏറ്റവും വലിയ മത്സ്യമായ തിമിംഗലസ്രാവിന്റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സൗമ്യനായ ഭീമൻ മത്സ്യം എന്നറിയപ്പെടുന്നവ ഇവ വംശനാശ ഭീഷണി നേരിടുകയാണ്.
ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തി വംശനാശത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ലക്ഷ്യം. സ്രാവ്-തിരണ്ടിയിന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐ നടത്തിവരുന്ന ഗവേഷണ പദ്ധതിക്ക് കീഴിലാണ് ബോധവൽകരണം നടത്തുക.
കടലിലെ ഘടനയും പകാലം തെറ്റിയുള്ള പ്രതിഭാസങ്ങളും കടലിനെയും കടൽ ജീവികളെയും സാരമായി ബാധിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം, ഉപയോഗശൂന്യമായ വലകൾ, കടലിലെ ചരക്കുനീക്കങ്ങൾ എന്നിവ തിമിംഗലസ്രാവുകളെയും ബാധിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തിയ വരുന്ന ബോധവത്‌കരണം ഫലം കാണുന്നതായി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. വലയിൽ കുടുങ്ങുന്ന ഇവയെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തിരികെ വിടുന്നുണ്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ഇവയെ പിടിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. പരമാവധി 21 മീറ്റർ വരെ വലുപ്പവും 42 ടൺ വരെ ഭാരവുമുള്ള ഇവ നിരുപദ്രവകാരികളാണ്.















