തിരുവനന്തപുരം: സിപിഎമ്മിന്റെ അതികായന്മാരിൽ ഒരാളായ ഇ.പി ജയരാജന് നേരെ പാർട്ടിയിൽ അച്ചടക്ക നടപടി. ഇന്നുചേർന്ന സംസ്ഥാന സമിതി യോഗത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ പുറത്താക്കിയെന്നാണ് വിവരം. ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഇപിയെ മാറ്റാൻ നീക്കം ആരംഭിക്കുന്നതിന് തൊട്ടുമുൻപായി അദ്ദേഹം സ്വയം രാജിവച്ച് ഒഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇ.പി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ മുൻമന്ത്രി ടി.പി രാമകൃഷ്ണന് പകരം ചുമതല നൽകുമെന്നാണ് സൂചന. എന്നാൽ പാർട്ടിയുടെ തീരുമാനം അറിഞ്ഞിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപിക്കെതിരെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഇ.പിക്കെതിരെ എം.വി ഗോവിന്ദൻ അടക്കമുള്ളവർ ഉപയോഗിച്ച ആയുധം. എന്നാൽ അപമാനിതനാകാൻ നിന്നുകൊടുക്കില്ലെന്ന് ഉറപ്പിച്ച ഇപി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോരുകയായിരുന്നു.
ഇന്നുചേരാനിരുന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാകാതെ അദ്ദേഹം കണ്ണൂരിലേക്ക് പോവുകയും ചെയ്തു. വിഷയത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാനും ഇപി തയ്യാറായില്ല. പറയാനുള്ളതെല്ലാം മാദ്ധ്യമങ്ങളെ വിളിച്ചുചേർത്ത് പിന്നീട് പറയുമെന്ന ഒറ്റവരി വാചകത്തിൽ തന്റെ പ്രതികരണം ഒതുക്കുകയായിരുന്നു ഇപി.















