ന്യൂഡൽഹി: സുപ്രീംകോടതിയുടെ 75-ാം വാർഷികത്തിന്റെ സ്മരണയിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമിട്ടു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയേയും സുപ്രീംകോടതിയേയും ഭാരതത്തിലെ ജനങ്ങൾ ഇതുവരെ അവിശ്വസിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി 75 വർഷം പിന്നിട്ടുവെന്നത് കേവലമൊരു സ്ഥാപനത്തിന്റെ യാത്രയല്ല സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെയും അതിന്റെ ഭരണഘടനാ മൂല്യങ്ങളുടെയും യാത്രയാണ് കഴിഞ്ഞുപോയ 75 വർഷം. ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ കൂടുതൽ പക്വത നേടിയ യാത്ര കൂടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ എന്നിവർ പങ്കെടുത്തു.
ദ്വിദിന സമ്മേളനത്തിൽ ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, ഹ്യൂമൻ റിസോഴ്‌സ്, എല്ലാവരെയും ഉൾക്കൊള്ളുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷ, ജുഡീഷ്യൽ വെൽനസും, കേസ് മാനേജ്‌മെൻ്റ്, ജുഡീഷ്യൽ ട്രെയിനിംഗ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അഞ്ച് വർക്കിംഗ് സെഷനുകൾ നടക്കും.