എൽഡിഎഫ് കൺവീനർ പദവിയിൽ വന്നതിന് പിന്നിൽ എന്താണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുമെന്ന് ടിപി രാമകൃഷ്ണൻ. വ്യക്തിപരമായ വിശദീകരണത്തിനില്ലെന്നും പാർട്ടിക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ വിവാദങ്ങൾ സൃഷ്ടിക്കേണ്ടെന്നും അതല്ല ഇതിന്റെയോക്കെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാനാ വിധത്തിലുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുകയാണ്. അതിന്റെ ഭാഗമായി പാർട്ടിയിലും പ്രവർത്തകരിലും മാറ്റം സംഭവിക്കുന്നുണ്ട്. ജനങ്ങളുടെ താത്പര്യമനുസരിച്ചാണ് ആ മാറ്റം. അതിന് സഹായകമായ മാറ്റങ്ങൾ സ്വീകരിക്കും. കൺവീനറായി പ്രവർത്തിക്കേണ്ട വന്നാൽ ജനങ്ങൾക്ക് വേണ്ടി കടമ നിർവഹിക്കും.ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾ ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്. അവർക്ക് ഞങ്ങളെയും ഉപേക്ഷിക്കാൻ സാധിക്കില്ല. പാർട്ടി എന്നും ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടത്. അധികാരം ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നത്. കേരളത്തിൽ മറ്റൊരു പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിക്കുമെന്ന് ഒന്നും വിചാരിക്കേണ്ട, തുടർഭരണം ഉറപ്പാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഭരണവിരുദ്ധ വികാരമൊക്കെ താത്കാലികമാണ്. പ്രശ്നങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തും. അതോടെയെല്ലാം മാറുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.















