അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന കാലം കഴിഞ്ഞു . ഇപ്പോൾ അതിവേഗം കരുത്തുള്ള ആയുധങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യ. ഇപ്പോൾ പുതുതായി ഒരു തദ്ദേശീയ യുദ്ധവിമാനം തയ്യാറാക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ചൈനയ്‌ക്ക് കനത്ത തിരിച്ചടി നൽകാൻ കഴിയുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണിത്. . 2028-ഓടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ ആദ്യ മാതൃക വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ സ്റ്റെൽത്ത് എയർക്രാഫ്റ്റായിരിക്കും ഇത് . ഏകദേശം 27 ടൺ ആയിരിക്കും ഇതിന്റെ ഭാരം. വളരെ ഭാരമുള്ള ആയുധങ്ങൾ സ്വയം വഹിക്കാൻ ശേഷിയുള്ളതുമായിരിക്കും. അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് എഎംസിഎ തയ്യാറാക്കാൻ 15,000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് കമ്മിറ്റി കുറച്ചുനാൾ മുമ്പ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നു. അടുത്തിടെ, ഇന്ത്യൻ എയർഫോഴ്‌സും ഡിആർഡിഒയും തമ്മിൽ നടന്ന ചർച്ചയിൽ എഎംസിഎയുടെ രൂപകൽപ്പന, വികസനം, പദ്ധതി എന്നിവ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
ഈ യുദ്ധവിമാനത്തിന് രഹസ്യമായ രീതിയിൽ മിസൈലുകൾ വഹിക്കാൻ കഴിയും. ശത്രുക്കൾക്ക് ഈ വിമാനത്തെ ട്രാക്ക് ചെയ്യാൻ സാധിക്കാത്ത വിധത്തിൽ പ്രത്യേക ഫീച്ചറുകളും ഈ വിമാനത്തിൽ ഉൾപ്പെടുത്തും. രണ്ട് ജനറൽ ഇലക്ട്രിക് 414 (ജിഇ-414) എഞ്ചിനുകളുണ്ടാകും. ഈ യുദ്ധവിമാനത്തിന്റെ 7 സ്ക്വാഡ്രണുകൾ ഒരുക്കാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്.















