ഹൈദരാബാദ്: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തുറന്നുകാണിച്ച ഹേമ കമ്മിറ്റിയെ അഭിനന്ദിച്ച് നടി സാമന്ത റൂത്ത് പ്രഭു. ടോളിവുഡ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് സമാന്ത പറഞ്ഞു.
”മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തുറന്നുക്കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ പ്രയത്‌നിച്ച സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. തെലുങ്ക് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനായി 2019ൽ വോയിസ് ഓഫ് വുമൻ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റികൾ മറ്റ് സിനിമാ മേഖലയിലും ആരംഭിക്കണം.”- സമാന്ത പറഞ്ഞു.
സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പരിശോധിച്ച സബ് കമ്മിറ്റി റിപ്പോർട്ട് തെലങ്കാന സർക്കാർ പുറത്തുവിടണമെന്നും സാമന്ത ആവശ്യപ്പെട്ടു. തെലുങ്ക് സിനിമാ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കുമെന്നും സാമന്ത പറഞ്ഞു.