തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തിന്റെ പേര് പറഞ്ഞ് നെഹ്‌റു ട്രോഫി വളളം കളിക്ക് സാമ്പത്തിക സഹായം നിഷേധിക്കുകയും ബേപ്പൂർ ജലമേള സർക്കാർ ചെലവിൽ സംഘടിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ സംഭവം ചർച്ചയായതോടെ വിശദീകരണവുമായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി.
കേരളത്തിന്റെ ദീർഘകാലമായിട്ടുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് എന്നാണ് മന്ത്രി പറയുന്നത്. നെഹ്റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന ആമുഖത്തോടെയാണ് മന്ത്രിയുടെ വിശദീകരണം തുടങ്ങുന്നത്. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാനെന്നും മന്ത്രി വിശദീകരിക്കുന്നു.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റിവെയ്‌ക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഡിസംബർ മാസം നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമല്ലെന്നാണ് മന്ത്രിയുടെ ന്യായം. കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബർ മാസത്തിൽ ടൂറിസം വകുപ്പ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറയുന്നു.
ചൂരൽമല ദുരന്തത്തിനു മുൻപ് തന്നെ, ജൂലൈ എട്ടാം തീയ്യതി നടന്ന വർക്കിംഗ് ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ചാലിയാറിന്റെ അഴിമുഖത്ത് നടക്കുന്ന ജലമേള കാണാൻ അഭൂതപൂർവ്വമായ ജനസാമാന്യമാണ് ഒത്തു ചേരുന്നതെന്ന ന്യായവും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ നിരത്തുന്നു.
ടൂറിസം വകുപ്പ് നെഹ്റ്രുട്രോഫി വള്ളംകളിക്ക് ധനസഹായം നൽകാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് അനുവദിച്ചത്. നെഹ്‌റു ട്രോഫി വള്ളംകളി എപ്പോൾ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകും.
ചൂരൽമല ദുരന്തം കാരണം ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾവേണ്ടതില്ല എന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. സപ്തംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ജൂലൈ മാസം മുതൽ തയ്യാറെടുപ്പ് നടത്തേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റി വയ്‌ക്കേണ്ടി വന്നു. വള്ളംകളിയുടെ ജനകീയതയെ കുറിച്ചും നാടിന്റെ വികാരത്തെകുറിച്ചും നല്ല ധാരണ ടൂറിസം വകുപ്പിനുണ്ടെന്ന് വ്യക്തമാക്കുന്ന മന്ത്രി നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ, എല്ലാ നിലയിലുള്ള പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
2.45 കോടി രൂപയാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിനായി ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മന്ത്രി റിയാസിന്റെ മണ്ഡലമാണ് ബേപ്പൂർ.















