ദാമ്പത്യ ജീവിതത്തിന്റെ നേർക്കാഴ്ച പറയുന്ന ചിത്രമാണ് അനൂപ് മേനോൻ സംവിധാനം ചെയ്ത പത്മ. സീരിയലുകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ സുരഭിയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് സുരഭിയെ തെരഞ്ഞെടുത്തപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ.
“പത്മയിലെ നായിക സുരഭിയാണെന്ന് അറിഞ്ഞപ്പോൾ ചിത്രത്തിന്റെ ആദ്യ നിർമാതാവ് അത് വേണ്ടായെന്ന് എന്നോട് പറഞ്ഞു. അവരെ മാറ്റണമെന്നും നിങ്ങളുടെ നായികയായിട്ട് സുരഭി ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ എന്റെ മനസിലെ കഥാപാത്രത്തിന് യോജിച്ച വ്യക്തിയാണ് സുരഭി എന്നെനിക്ക് തോന്നി. ബോളിവുഡിലെ നടിമാരെ വച്ചൊന്നും ഈ സിനിമ ചെയ്യാൻ പറ്റില്ലല്ലോ”.
“സുരഭിയെ തനിക്ക് മാറ്റാനാകില്ലെന്നും അയാളോട് പോകാനും ഞാൻ പറഞ്ഞു. സുരഭിയെ അല്ലാതെ മറ്റൊരാളെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. പിന്നീട് അദ്ദേഹം മാറുകയും ഞാൻ തന്നെ സിനിമ നിർമിക്കുകയുമായിരുന്നു”- അനൂപ് മേനോൻ പറഞ്ഞു.
അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്മ 2022-ലാണ് പുറത്തിറങ്ങിയത്. സുരഭിയുടെ നായികാ വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2016-ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സുരഭിയ്‌ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.















