ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മ സംഘടനയിലെ സ്ത്രീ മെമ്പർമാരോട് കമ്മീഷൻ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. സ്ത്രീകൾക്കുവേണ്ടി തുടങ്ങിയ ഡബ്ല്യുസിസിയിൽ എന്തുകൊണ്ടാണ് അമ്മ സംഘടനയിലെ സ്ത്രീകളെ ഉൾപ്പെടുത്താത്തതെന്നും പൊന്നമ്മ ബാബു ചോദിച്ചു. മലയാള സിനിമ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
“അമ്മ സംഘടനയിൽ 200ലധികം സ്ത്രീകളുണ്ട്. ഞങ്ങളെ ആരെയും ഒരു കമ്മീഷനും വിളിച്ചിട്ടില്ല. ഞങ്ങളുടെ അഭിപ്രായം ആരും എടുത്തിട്ടില്ല. ഞാൻ അറിയാത്ത ആരോടെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് അറിയില്ല. എന്റെ അറിവിൽ അമ്മ സംഘടനയിലെ സ്ത്രീകളെ കമ്മീഷൻ വിളിച്ചിട്ടില്ല. അല്ലാത്ത കുറെ പേരാണ് പോയത്. ഒരു പെണ്ണ് പറഞ്ഞാൽ തീരും, നിങ്ങൾ പ്രതിക്കൂട്ടിലാണ്. അതാണ് കാലം”.
“ഡബ്ല്യൂസിസിയെ വേറെയായി ഞങ്ങൾ കാണുന്നില്ല. പക്ഷേ ഡബ്ലിയുസിസി തുടങ്ങിയപ്പോൾ ഞങ്ങളെ ആരും അതിലേക്ക് വിളിച്ചില്ല. നമ്മളെ കൂടി വിളിക്കേണ്ടേ. ഡബ്ലിയുസിസിക്ക് സപ്പോർട്ട് നൽകിയ ആളാണ് മമ്മൂക്ക. പക്ഷേ ഈ സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങളെ അതിൽ ഉൾപ്പെടുത്തിയില്ല. ഞങ്ങളെക്കൂടി അതിൽ ചേർക്കേണ്ടേ. ഞങ്ങളുടെ പ്രശ്നങ്ങൾ തീർപ്പാക്കുന്നത് ഞങ്ങൾ ഉൾപ്പെടുന്ന സംഘടനയാണ്. ഇവർ പുറത്തുപോയി ഒരു സംഘടന ഉണ്ടാക്കിയിട്ട് ഏതു സ്ത്രീയുടെ കണ്ണീരാണ് ഒപ്പിയത്. ഇപ്പോഴത്തെ വിഷയം എല്ലാ സ്ത്രീകളെയും ബാധിച്ചിരിക്കുകയാണ്”-പൊന്നമ്മ ബാബു പറഞ്ഞു.















