തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. പകരം ചുമതല എച്ച്. വെങ്കിടേഷിനോ ബൽറാംകുമാറിനോ നൽകിയേക്കുമെന്നാണ് വിവരം.
തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഔദ്യോഗിക സംവിധാനത്തിലൂടെ അന്വേഷിക്കട്ടെയെന്നാണ് എംആർ അജിത് കുമാറിന്റെ പ്രതികരണം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകിയിട്ടുണ്ട്. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവർ അന്വേഷിക്കട്ടെയെന്നായിരുന്നു അജിത്കുമാറിന്റെ വാക്കുകൾ. മാദ്ധ്യമങ്ങൾ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് ഒറ്റവരിയിൽ മറുപടി ഒതുക്കുകയായിരുന്നു എഡിജിപി.
ഇന്നുനടത്തിയ വാർത്താസമ്മേളനത്തിലും എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎൽഎ പി.വി അൻവർ ഉന്നയിച്ചത്. സോളാർ കേസ് അട്ടിമറിച്ചുവെന്നും വടകര തെരഞ്ഞെടുപ്പിലടക്കം ഇടപെടൽ നടത്തിയെന്നും എഡിജിപിക്കെതിരെ അൻവർ പറഞ്ഞു. എംആർ അജിത് കുമാറിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെയാണ് സ്വർണക്കടത്തെന്നും അൻവർ എംഎൽഎ ആരോപിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.