ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പാണ് ഗൂഗിൾ പേ. രാജ്യത്തെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ നേർചിത്രമാണ് ഗൂഗിൾപേ. നിരവധി ഫീച്ചറുകളാണ് ഗൂഗിൾ പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ ഇവയെല്ലാം പുറത്തിറങ്ങും. ഡിജിറ്റൽ പേയ്മെൻ്റുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുതിയ ഫീച്ചറുകളറിയാം..
യുപിഐ സർക്കിൾ
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും പണമിടപാട് നടത്താൻ അനുവദിക്കുന്നതാണ് യുപിഐ സർക്കിൾ. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാന നൽകുന്നതാണ് ഈ സേവനം. മറ്റൊരാൾക്ക് എത്ര തുക ഉപയോഗിക്കാമെന്ന് നമുക്ക് തീരുമാനിക്കാം. കുട്ടികൾക്ക് ഇത് ഉപകാരപ്രദമായിരിക്കും. രണ്ട് തരത്തിലാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക.
പാർഷ്യൽ ഡെലിഗേഷൻ, ഫുൾ ഡെലിഗേഷൻ എന്നിങ്ങനെയാണ് രണ്ട് രീതികൾ. ആദ്യത്തേതിൽ അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും അംഗീകാരം നൽകണം. ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിആ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛന് സ്വന്തം ഫോണിൽ പേയ്മെൻ്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ്പ് ചെയ്താൽ മാത്രമാകും ഇടപാട് നടക്കുക. ഒരു മാസത്തേക്ക് പരമാവധി ചെവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കുന്നതാണ് ഫുൾ ഡെലിഗേഷൻ.
യുപിഐ വൗച്ചറുകൾ അഥവാ eRupi
റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഇനി ഗൂഗിൽ പേയിലും ലഭ്യമാകും. ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താനായി പ്രീ പെയ്ഡ് വൗച്ചറുകൾ ലഭ്യമാക്കും. യുപിഐയുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സേവനം ആസ്വദിക്കാം. എൻ.പി.സി.ഐ, ഫിനാൻഷ്യൽ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിൾ പേയിൽ കൊണ്ടുവരുന്നത്.
ക്ലിക്ക്പേ ക്യൂആർ
ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ക്ലിക്ക്പേ ക്യൂആർ. ബില്ലർ പ്രത്യേകമായി ക്യൂആർ കോഡ് നൽകിയാൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.
പ്രീപെയ്ഡ് യൂട്ടിലിറ്റീസ് പേയ്മെൻ്റ്
വൈദ്യുത ബിൽ പോലുള്ള ഉപഭോക്തൃ ബില്ലുകൾ ഗൂഗിൾ പേയിൽ നിന്ന് നേരിട്ട് അടയ്ക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. പേടിഎമ്മിന് സമാനമായി ഉപഭോക്താവിന്റെ ഉപഭോക്തൃ വിവരങ്ങൾ ചേർത്ത് കഴിഞ്ഞാൽ ബില്ലുകൾ ആപ്പ് തിരിച്ചറിയും. പ്രീപെയ്ഡായി ബില്ലുകൾ അടയ്ക്കാനും സാധിക്കും. എൻപിസിഐ ഭാരത് ബിൽപേയുടെ സഹായത്തോടെയാകും ഫീച്ചർ അവതരിപ്പിക്കുന്നത്.
യുപിഐ ലൈറ്റിന് ഓട്ടോപേ
യുപിഐ ലൈറ്റിലെ ബാലൻസ് തുക നിശ്ചിത തുകയിൽ താഴെയാകുമ്പോൾ ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്ന സൗകര്യം.