ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി മാറിയിരിക്കുകയാണ് സൈനിക കാന്റീനുകൾ. സൈനികർക്കും വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഔട്ട്‌ലെറ്റുകളിൽ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിൽപ്പന നാല് വർഷം മുമ്പ് നിർത്തിയിരുന്നു. ഇതാണ് മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കൂടുതൽ പ്രചോദനമായി മാറിയത്. ഇന്ന് കാന്റീനിൽ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് തന്നെ നിർമ്മിക്കുന്നവയാണ്.
ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി 2020 ഒക്ടോബറിലാണ് പ്രതിരോധ മന്ത്രാലയം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ കാന്റീനിൽ വിൽക്കുന്നത് നിരോധിച്ചത്. രാജ്യത്തുടനീളമുള്ള സിഎസ്‌ഡി ഔട്ട്‌ലെറ്റുകളിൽ നേരിട്ട് ഇറക്കുമതി ചെയ്ത 431 ഇനങ്ങളുടെ വിൽപ്പനയാണ് നിർത്തിവച്ചത്. ഈ തീരുമാനം ഗുണകരമായ രീതിയിലാണ് പ്രതിഫലിച്ചത്. പല കമ്പനികളും അവരുടെ ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റി. തൽഫലമായി, നിരോധിക്കപ്പെട്ട 421 ഇനങ്ങളിൽ 255 എണ്ണം വീണ്ടും തിരികെ കാന്റീൻ ഔട്ട്ലെറ്റുകളിൽ എത്തി.
കാറുകൾ, ഇരുചക്രവാഹനങ്ങൾ, മദ്യം, വൈറ്റ് ഗുഡ്‌സ്, വീട്ടിലേക്കുള്ള അവശ്യ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ലഗേജ്, വാച്ചുകൾ, പാദരക്ഷകൾ, സ്റ്റേഷനറികൾ, മറ്റ് പൊതു ഇനങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ ലഭ്യമാണ്. പ്രതിവർഷം ആയിരം കോടിയുടെ സാധനങ്ങൾ കാന്റീനിൽ വിറ്റഴിക്കുന്നുണ്ട്. ടെലിവിഷൻ സെറ്റുകൾ, റഫ്രിജറേറ്ററുകൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, സ്‌പോർട്‌സ് ഷൂകൾ, സൺഗ്ലാസുകൾ, ടേബിൾ ഫാനുകൾ എന്നിവയുടെ ബ്രാൻഡഡ് ഉത്പന്നങ്ങളും വീണ്ടും വില്പനയാരംഭിച്ചു. വിവിധ മേഖലകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൈനിക കാന്റീനുകളിലും മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊന്നൽ നൽകിയത്.