കൊച്ചി: മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന് സിമി റോസ്‌ബെല്‍ ജോൺ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സിമിയെ പുറത്താക്കിയത്.
കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധിക്ഷേപിച്ചതിനാണ് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പിക്കു വേണ്ടി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
കഴിഞ്ഞദിവസം സിമി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയിൽ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവർ ആരോപിച്ചു . അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ദുരനുഭവമുണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. സമയം വരുമ്പോൾ അത് പുറത്തുവിടും. സിമി റോസ്ബെൽ പറഞ്ഞു.
ജെബി മേത്തർ എം.പിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും സിമി വിമർശിച്ചിരുന്നു.















