സീസണിലെ മികച്ച ദൂരം താണ്ടി പാരാലിമ്പിക്സ് ഹൈജമ്പിൽ(T47) വെള്ളി നേടി നിഷാദ് കുമാർ. 2.04 മീറ്റർ പിന്നിട്ടാണ് താരം മെഡൽ ഉറപ്പിച്ചത്. ടോക്കിയോയിലെ നേട്ടം ആവർത്തിക്കാനും ഇന്ത്യൻ താരത്തിന് സാധിച്ചു. 2.12 ഉയരം താണ്ടിയ അമേരിക്കയുടെ റോഡറിക് ടൗൺസെൻഡിൻ സ്വർണം നേടി. പാരാലിമ്പിക്സിലെ ന്യൂട്രൽ അത്ലറ്റ് ജോർജി മർഗീവ് 2 മീറ്റർ ചാടി വെങ്കലം നേടി. കഷ്ടപാടിന്റെ കഥകൾ മാത്രം പറയാനുള്ള ഒരു കുടുംബത്തിൽ നിന്നാണ് നിഷാദിന്റെ വരവ്.
ഹിമാചലിലെ ബദൗൺ ഗ്രാമത്തിലെ അരയേക്കർ കൃഷിയിടത്തിൽ പിതാവിനെ സഹായിക്കുന്നതിനിടെയാണ് നിഷാദിന്റെ വലതു കൈ നഷ്ടമായത്. എട്ടാം വയസിലായിരുന്നു ദുരന്തം. പുല്ലരിയുന്ന മെഷീനിൽ കുടുങ്ങി കൈ അറ്റുപോവുകയായിരുന്നു. എന്നാൽ അവൻ തളർന്നില്ല. സാധാരണ കുട്ടികളുമായി മത്സരിച്ച് ഹൈജമ്പിൽ നിരവധി മെഡലുകൾ സ്വന്തമാക്കാൻ നിഷാദിന് കഴിഞ്ഞു.
2017-ലേക്ക് പഞ്ചുകുളയിലേക്ക് മാറിയ നിഷാദ് നസീം അഹമ്മദിന് കീഴിൽ പരിശീലനം ആരംഭിച്ചു. 2019 ലോക ചാമ്പ്യൻഷിപ്പിലാണ് താരത്തിന്റെ ആദ്യ മെഡൽ വരുന്നത്. അന്ന് വെങ്കലം നേടി. ടോക്കിയോ പാരാലിമ്പിക്സിൽ വെള്ളിയും. ഹാങ്ചോയിൽ റെക്കോർഡ‍് കുറിച്ച് സ്വർണം നേടി. 2023-24 ലോക ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചായി വെള്ളി മെഡലും നേടി ഈ 24-കാരൻ.