ന്യൂഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. കർഷക ക്ഷേമം ലക്ഷ്യമിട്ടുള്ള 14,000 കോടിയുടെ പദ്ധതികൾക്കാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. കാർഷിക മേഖലയുടെ ഡിജിറ്റലൈസേഷൻ, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിലാണ് പുതിയ പദ്ധതികൾ. കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങൾ ഇവയാണ്:
* ഡിജിറ്റൽ അഗ്രികൾച്ചർ: 2,817 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള പ്രധാന പദ്ധതികളിലൊന്നാണിത്. ഈ ദൗത്യം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും കാർഷിക മേഖലയെ നവീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
*ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പുവരുത്തുന്നതിന് ക്രോപ്പ് സയൻസ്(വിള ശാസ്ത്രം): ഈ പദ്ധതിക്കായി 3,979 കോടിയാണ് അനുവദിച്ചത്. വർദ്ധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി പോഷകാഹാരം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി വിള ശാസ്ത്രത്തിൽ ഗവേഷണങ്ങളും പഠനങ്ങളും വർധിപ്പിക്കും.
* കാർഷിക വിദ്യാഭ്യസമേഖല: 2,291 കോടിയാണ് വിദ്യാഭ്യസ മേഖലയെ ശാക്തീകരിക്കാൻ അനുവദിച്ചത്. ഇത് രാജ്യത്തുടനീളമുള്ള കാർഷിക വിദ്യാഭ്യാസ മാനേജ്‌മന്റ് പ്രോഗ്രാമുകളുടെ വികസനത്തിന് സഹായകമാകും.
*ക്ഷീരോൽപ്പാദക മേഖലയുടെ വളർച്ചയ്‌ക്കായി 1,702 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. കന്നുകാലികളുടെ ആരോഗ്യവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
* ഹോർട്ടികൾച്ചർ മേഖലയുടെ വികസനത്തിനായി 860 കോടി. പദ്ധതിയിലൂടെ ഹോർട്ടികൾച്ചർ വിളകളുടെ ഗുണമേന്മയും ഉത്പാദനക്ഷമതയും വർധിക്കും.
*കാർഷിക സാങ്കേതിക വിദ്യകൾ കർഷകരിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കൃഷി വിഗ്യാൻ കേന്ദ്രങ്ങളുടെ വികസനത്തിനായി 1,202 കോടി രൂപ.
* പ്രകൃതിദത്ത വിഭങ്ങളുടെ പരിപാലനത്തിനും കാർഷികമേഖലയിലെ പ്രവർത്തനങ്ങൾക്ക് അവയുടെ ഉപയോഗത്തിനുമായി 1,115 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി.