തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ പുറപ്പെടുവിച്ച പൊതു സ്ഥലംമാറ്റ ഉത്തരവ് അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പട്ടിക അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. സംഘ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.
കേരള എൻ.ജി.ഒ. സംഘ് തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. കരട് പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കി അനർഹരായവരെ ഉൾപ്പെടുത്തി സ്ഥലംമാറ്റ ചട്ടങ്ങൾക്കും, മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പട്ടിക തിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ഭരണാനുകൂല സംഘടനയുടെ താല്പര്യത്തിനും മറ്റ് സ്വാധീനങ്ങൾക്കും വഴങ്ങി സ്ഥലംമാറ്റ ഉത്തരവിൽ ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർ ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും എസ്. രാജേഷ് കുറ്റപ്പെടുത്തി. കുറ്റക്കാരായവരെ മാറ്റി നിർത്തി ഉത്തരവ് പുന:പരിശോധിച്ച് അർഹരായ ജീവനക്കാർക്ക് സ്ഥലംമാറ്റം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി. ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. വിനോദ് കുമാർ, സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് പുള്ളിത്തല, സംസ്ഥാന സമിതി അംഗങ്ങളായ പാക്കോട് ബിജു, ജി. ഡി. അജികുമാർ,ജില്ലാ ഭാരവാഹികളായ ബി സജീഷ് കുമാർ, സന്തോഷ് അമ്പലത്തലയ്‌ക്കൽ, എസ് സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.