കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കൊല്ലം എംഎൽഎ മുകേഷിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യൽ അനിവാര്യമെന്ന് പൊലീസ് കോടതിയിൽ. മുകേഷിന് ജാമ്യം നൽകരുതെന്നും പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യക്തമാക്കി. മുകേഷിന്റെ മുൻകൂർ ജാമ്യഹർജിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.
ബലാത്സംഗ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും കൃത്യമായ അന്വേഷണം വേണ്ടതിനാൽ മുകേഷിന് മുൻകൂർ ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ നിലപാട്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹർജിയിൽ വാദം അടുത്ത ദിവസവും തുടരും.
എന്നാൽ പരാതിക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് മുകേഷ് വാദിച്ചത്. പരാതിക്കാരിക്കെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ മുകേഷ് കോടതിക്ക് കൈമാറി. ദൃശ്യമാധ്യമങ്ങളിലെ നടിയുടെ വെളിപ്പെടുത്തൽ സഹിതമുള്ള തെളിവുകളാണ് കൈമാറിയത്. രേഖകൾ കോടതി പരിശോധിച്ചെന്ന് മുകേഷിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
മുകേഷിനൊപ്പം, മണിയൻപിള്ള രാജു, അഭിഭാഷക കോൺഗ്രസ് മുൻ നേതാവ് വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ ജാമ്യാപേക്ഷകളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. പീഡനക്കേസിൽ ഇടവേള ബാബു നൽകിയ മുൻകൂർ ജാമ്യഹർജിയും നാളെ സെഷൻസ് കോടതിയുടെ പരിഗണനയിൽ വരും.