ന്യൂഡൽഹി: വ്യോമസേനയുടെ Su-30 MKI യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഭാരതം. 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക.
വരുന്ന വർഷമാകും നിർമാണം ആരംഭിക്കുക. എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് മുഴുവൻ എഞ്ചിനുകളും കൈമാറും. പുതിയ എഞ്ചിനിൽ 54 ശതമാനത്തോളം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചവയാകും.
ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് SU-30 യുദ്ധവിമാനങ്ങൾ. 260 വിമാനങ്ങൾ ഇതിനോടകം തന്നെ സേനയിൽ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആസ്ട്ര എയർ-ടു-എയർ മിസൈൽ തുടങ്ങിയ തദ്ദേശീയ യുദ്ധ സംവിധാനങ്ങൾ സംയോജിപ്പിച്ച് Su-30 ഇതിനകം നവീകരിച്ചിട്ടുണ്ട്.
നിരവധി ഓപ്പറേഷനുകളിലും അഭ്യാസങ്ങളിലും സ്ഥിര സാന്നിധ്യമാണ് Su-30 യുദ്ധവിമാനങ്ങൾ. ബാലാകോട്ട് വ്യോമാക്രമണം, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള പോരാട്ടം എന്നിവയിൽ ഇത് നിർണായകമായിരുന്നു. ആത്മനിർഭർ ഭാരത നയങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഘട്ടങ്ങളിൽ അവ നവീകരിക്കാനും കേന്ദ്രം ശ്രമിക്കുന്നു.















