ഡബ്ലിയുസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രേവതിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും ഡബ്ല്യുസിസി പ്രതികരിക്കുന്നില്ല എന്നും എതിർപക്ഷത്തു നിൽക്കുന്ന ഒരു നടി ആയിരുന്നുവെങ്കിൽ അവർ ആഘോഷമാക്കിയേനെ എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. നായികമാർക്ക് വേണ്ടി മാത്രമല്ലാതെ ഡബ്ല്യുസിസി ശബ്ദം ഉയർത്തിയിട്ടില്ല എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിച്ചു.
“ഡബ്ല്യുസിസിയോടുള്ള വിയോജിപ്പുകൾ പല സമയത്തും ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർ എന്നെ ശത്രുവായിട്ടാണ് കാണുന്നത്. എല്ലാ സംഘടനകളും തെറ്റുകൾ സംഭവിക്കും. തെറ്റുകൾ നമ്മൾ ചൂണ്ടിക്കാണിക്കണം. ഡബ്ല്യുസിസിക്ക് എന്താണ് തെറ്റുപറ്റില്ലേ? അത്ര സത്യസന്ധരാണെങ്കിൽ അവർ അത് തെളിയിക്കണം. ഡബ്ല്യുസിസി പലപ്പോഴും സെലക്ടീവാണ്. അവർക്ക് പ്രിയപ്പെട്ട ആളുകൾക്ക് നേരെ ആരോപണങ്ങൾ വരുമ്പോൾ അവർ നിശബ്ദരായിരിക്കും. അവരുടെ എതിരാളികൾക്ക് നേരെ എന്തെങ്കിലും വന്നാൽ അവർ പുറത്തേക്കു വരും”.
“സംവിധായകൻ രഞ്ജിത്തിനെതിരെ ഒരു ട്രാൻസ്ജെൻഡർ ആരോപണം ഉന്നയിച്ചിരുന്നു. അതിൽ വ്യക്തമായി ഒരു നടിയുടെ പേരും അയാൾ പറയുന്നുണ്ട്. രേവതി wcc യിൽ അംഗമാണ്. പക്ഷേ ഇതിൽ ഡബ്ല്യുസിസി ഒന്നും മിണ്ടുന്നില്ല. ഇത് എതിർപക്ഷത്തുള്ള ഒരു നടിയായിരുന്നുവെങ്കിൽ ഇവരുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ. അവർ അത് ആഘോഷിക്കുമായിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ അലൻസിയർ പലതരത്തിലും സംസാരിച്ചിരുന്നു. എന്നാൽ wcc-ലെ ആരും പ്രതികരിച്ചില്ല. ഷൈൻ ടോം ചാക്കോയുടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെ അവർ പ്രതികരിച്ചിട്ടില്ല”.
“അമ്മയിൽ മാറ്റം വരണം എന്ന് പറയുന്നതുപോലെ തന്നെ ഡബ്ല്യുസിസിയിലും മാറ്റം ഉണ്ടാവണം. അവരും മാറണം, അവരുടെ നിലപാടുകൾ ശക്തമാകണം. ഡബ്ല്യുസിസി നായികമാർക്ക് വേണ്ടി മാത്രമുള്ളതാണോ? സിനിമയിൽ മറ്റ് വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും ഇവർ സംസാരിക്കുന്നില്ല. ഹേമ കമ്മീഷന്റെ ഫുൾ ക്രെഡിറ്റ് ഒന്നും ഡബ്ല്യുസിസി ഏറ്റെടുക്കേണ്ട. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരേണ്ട എന്ന് ഇതേ ഡബ്ല്യുസിസി തന്നെ കുറെ കലം പറഞ്ഞല്ലോ. രേവതി തന്നെ ഇക്കാര്യം പറഞ്ഞു. ഇനി വന്നാലും പേരും വിവരങ്ങളും പുറത്തുവരേണ്ട എന്ന് വാദിച്ചു”-ഭാഗ്യലക്ഷ്മി പറഞ്ഞു.