ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പ്രസവിച്ച യുവതി ആശാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം. ഗർഭിണിയാണെന്ന കാര്യം പുറത്തറിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതായി ആശാ പ്രവർത്തക ത്രിപുരേശ്വരി വെളിപ്പെടുത്തി. വീട്ടിലേക്ക് ഇനി വരരുതെന്നും ആശാ പ്രവർത്തകയോട് യുവതി ആവശ്യപ്പെട്ടു.
ചേർത്തലയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആശയുടെ പെരുമാറ്റം ആദ്യം മുതൽ ദുരൂഹമായിരുന്നുവെന്നാണ് ആശാ പ്രവർത്തക ത്രിപുരേശ്വരി പറയുന്നത്. ഗർഭിണിയായ യുവതിയുടെ വിവരശേഖരണത്തിനെത്തിയ ആശ പ്രവർത്തകരെ യുവതി ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്ന വിവരം പുറത്തുപറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കുമെന്ന് യുവതി പറഞ്ഞിരുന്നതായി ആശാ പ്രവർത്തക പറഞ്ഞു. പ്രസവ വിവരമറിഞ്ഞ് ഇവർ ചേർത്തല പള്ളിപ്പുറത്തെ യുവതിയുടെ വീട്ടിലെത്തി അന്വേഷിക്കുമ്പോഴാണ് കുഞ്ഞിനെ കാണാനില്ല എന്നറിയുന്നത്. കേസിൽ നിർണായകമായതും പള്ളിപ്പുറം 17-ാം വാർഡിലെ ആശാപ്രവർത്തകയുടെ ഇടപെടൽ ആയിരുന്നു.
കഴിഞ്ഞ 26നായിരുന്നു ആശ പ്രസവിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ കുഞ്ഞിനെ കവറിലാക്കി കാമുകൻ രതീഷ് കൊണ്ടുപോവുകയും ചെയ്തു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന രതീഷ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ടു. എന്നാൽ പിടിക്കപ്പെടുമെന്ന് ഭയന്നതോടെ മൃതദേഹം പുറത്തെടുത്ത് വീട്ടിലെ ശുചിമുറിയിലിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷിച്ച് വന്ന ആശാപ്രവർത്തകർ കുഞ്ഞിനെ കാണാതായതോടെ അധികൃതരെ വിവരമറിയിക്കുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.















