മലയാളികൾക്ക് ഊണിനൊപ്പം കൂട്ടാൻ പൊരിച്ച മത്തിയോളം ഇഷ്ടം മറ്റൊന്നിനോടുമില്ല. നല്ല മുളകിട്ട് എണ്ണയിൽ പൊരിച്ച മത്തി മുന്നിലെത്തിയാൽ നാവിലൂടെ വെള്ളം ഒഴുകും. എന്നാൽ ഇന്ന് പലർക്കും മത്തിക്ക് പുറകെ പോകാൻ സമയമില്ല. പലരും മടിക്കുന്നതിന് കാരണം അത് ഉണ്ടാക്കാൻ സമയം നല്ലപോലെ വേണ്ടി വരുന്നു എന്നതാണ്. മറ്റ് മീനുകളിൽ നിന്ന് വ്യത്യസ്തമായി മത്തി വൃത്തിയാക്കിയെടുക്കാനും അതിന്റെ ഉളുമ്പ് മണം കളയാനും നല്ല സമയമെടുക്കും. അതിനാൽ നേരമില്ലാ നേരത്ത് മത്തിക്ക് പിറകെ പോകാൻ പലരും മടിക്കുകയാണ്.
ഒരുപാട് സമയം വേണമെന്ന് തോന്നുന്നത് നമ്മുടെ മടി കൊണ്ടാണ്. ഇഷ്ടത്തോടെ പാചകം ചെയ്യാൻ ശ്രമിച്ചാൽ സമയം ഒരു പ്രശ്നമല്ല. ധൃതി വെക്കാതെ സമയം കണ്ടെത്തി തന്നെ മത്തി പൊരിക്കുക. കടയിൽ നിന്നുതന്നെ മത്തി വൃത്തിയാക്കി ആദ്യം വാങ്ങണം. വീട്ടിൽ കൊണ്ടുവന്ന് ഒന്നുകൂടി നല്ലപോലെ കഴുകി വൃത്തിയാക്കി മസാല കൂട്ട് പുരട്ടി അടച്ചു വയ്‌ക്കുക. കടയിൽ നിന്നുതന്നെ മത്തി വൃത്തിയാക്കി വാങ്ങിയാൽ അത്രയും സമയം, അത്രയും അധ്വാനം ലാഭമാണ്. മത്തി വൃത്തിയാക്കി മസാല പുരട്ടി വെച്ച് കഴിഞ്ഞാൽ പൊരിച്ചെടുക്കാൻ നിമിഷങ്ങൾ മാത്രം മതി.
എങ്ങനെ നല്ല സ്വാദിഷ്ടമായ മത്തി പൊരിക്കാം…
വൃത്തിയാക്കിയ മത്തിയിൽ കശ്മീരി മുളകുപൊടി, ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ്, ഉപ്പ്, ചുവന്നുള്ളി, കുരുമുളക്, കറിവേപ്പില, പെരുംജീരകം, പച്ചമാങ്ങ അരിഞ്ഞത് എന്നീ കൂട്ടങ്ങൾ ഇട്ട് വെളിച്ചെണ്ണ രണ്ടു വലിയ സ്പൂൺ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. കൂട്ടു നന്നായി പിടിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അരമണിക്കൂർ നേരം അടച്ചുവെക്കുക.
ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യനുസരണം കറിവേപ്പിലയിട്ടു വഴറ്റുക. ഇതിലേക്കു തയാറാക്കിയ മത്തി ചേർത്ത് തിരിച്ചും മറിച്ചുമിട്ടു വറുക്കണം. ആസ്വദിച്ച് ചെയ്താൽ നല്ല സ്വാദിഷ്ടമായ മത്തി ചൂടോടെ ചോറിനൊപ്പം കഴിക്കാം.















