തിരുച്ചെന്തൂർ: ക്ഷേത്ര നഗരമായ തിരുച്ചെന്തൂരിൽ ജെല്ലി ഫിഷുകൾ വീണ്ടും തീർത്ഥാടകരെ വലയ്‌ക്കുന്നു. കടലിൽ കുളിക്കാൻ ഇറങ്ങിയ നിരവധി ഭക്തരാണ് ജെല്ലി ഫിഷ് ആക്രമണത്തിൽ പെട്ടത്.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇപ്പോൾ കൊടിയേറി ആവണി മഹോത്സവം നടക്കുകയാണ്. നിലവിൽ പതിവിലും കൂടുതൽ ഭക്തർ ക്ഷേത്രത്തിൽ എത്തുന്നുണ്ട്. തിരുച്ചെന്തൂർ കടലിലെ പുണ്യസ്നാനം ഈ തീർത്ഥാടനത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്തർ കടലിൽ കുളിച്ചപ്പോൾ പെട്ടെന്ന് പലരുടെയും ശരീരത്ത് കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു.ഇതേതുടർന്നു സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്ന ക്ഷേത്രം ബീച്ച് സെക്യൂരിറ്റി ജീവനക്കാരോട് ഭക്തർ ഇത് സംബന്ധിച്ച് പരാതി നൽകി. തുടർന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപ്പോഴാണ് ജെല്ലി ഫിഷ് കരയിൽഎത്തിയിരിക്കുന്നത് കണ്ടത്. കടൽ തീരത്ത് നിന്ന് മൂന്ന് കിലോയോളം തൂക്കം വരുന്ന ജെല്ലി ഫിഷ് നീക്കം ചെയ്ത തൊഴിലാളികൾ അവയെ ബീച്ച് ഭാഗത്ത് കുഴിയെടുത്ത് കുഴിച്ചിട്ടു.
തുടർന്ന് വൈകുന്നേരം കടലിൽ കുളിക്കാനിറങ്ങിയ പല ഭക്തർക്കും വീണ്ടും ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഇവരെ ക്ഷേത്രപരിസരത്തെ പ്രഥമ ശുശ്രൂഷാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 2 മാസം മുൻപും തിരുച്ചെന്തൂർ കടലിൽ ജെല്ലി ഫിഷുകൾ അപകടം ഉണ്ടാക്കിയിരുന്നു. ക്ഷേത്ര കടൽത്തീരത്ത് ഏതാനും ദിവസങ്ങളായി ചില ജീവികൾ ഒഴുകി നടക്കുന്നുണ്ടെന്നും ആ ജീവി കണ്ണാടി പോലെ തിളങ്ങുന്നുണ്ടെന്നും ഭക്തർ പറഞ്ഞു. .
ഈ ജെല്ലി ഫിഷുകൾ മനുഷ്യ ശരീരത്തിൽ തൊട്ടാൽ തൊലി അടർന്നു പോകുകായും അപകടകരമായ രീതിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.സാധാരണ ഗതിയിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കടൽത്തീരത്ത് ഇത്തരം ജെല്ലി ഫിഷുകൾ കാണാറുണ്ട്. ഇവയെ സ്പർശിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി ഇല്ലാത്തവർക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈയിടെയായി തിരുച്ചെന്തൂർ ക്ഷേത്ര ബീച്ചിൽ ജെല്ലി ഫിഷുകൾ ധാരാളമായി കണ്ടുവരുന്നതിനാൽ ജെല്ലി ഫിഷിന്റെ സ്വഭാവം സംബന്ധിച്ച് ഭക്തരെ ബോധവത്കരിക്കുമെന്നും ജെല്ലി ഫിഷ് കാരണം ഭക്തർക്കുണ്ടാകുന്ന അപകടം നിയന്ത്രിക്കാൻ ക്ഷേത്രവളപ്പിലെ പ്രഥമ ശുശ്രൂഷാ കേന്ദ്രത്തിൽ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നും ബീച്ചിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.