തിരുവനന്തപുരം: സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെ സ്വർണക്കടത്ത് നടത്തിയെന്ന എംഎൽഎ പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. എഡിജിപി എംആർ അജിത് കുമാറിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുജിത് ദാസ് വഴിയാണ് സ്വർണക്കടത്തെന്നുമാണ് അൻവറിന്റെ ആരോപണം.
സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് പിടികൂടിയിരുന്ന സ്വർണത്തിന്റെ അളവുകളിൽ പിന്നീട് മാറ്റമുണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. എസ്പിയായിരുന്ന കാലത്ത് പിടികൂടിയ സ്വർണക്കടത്ത് കേസുകൾ വീണ്ടും പുനരന്വേഷിക്കാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ തൂക്കവും അളവും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിന്റെ പിടിയിലാവാതെ പുറത്തെത്തുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ പൊലീസിന് എങ്ങനെ പിടികൂടാൻ സാധിക്കുമെന്ന കാര്യവും പരിശോധിക്കും. സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്ന് അധികൃതർ പറഞ്ഞു.















