എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ഹർജി സമർപ്പിച്ചത്.
15 വർഷത്തിന് ശേഷമാണ് തനിക്കെതിരെ ലൈംഗികാരോപണം നടി ഉന്നയിക്കുന്നത്. ഇതിൽ നിന്ന് തന്നെ തനിക്കെതിരായുള്ള ഗൂഢാലോചനയാണെന്ന് മനസിലാക്കാം. പരാതിക്കാരിയെ സിനിമയിൽ എടുക്കാത്തതിന്റെ നീരസവും നിരാശയുമാണ് പരാതിക്ക് പിന്നിലെന്നും രഞ്ജിത്ത് ഹർജിയിൽ വ്യക്തമാക്കി. കേരള ചലച്ചിത്ര അക്കാദമിയിൽ നിന്നും പുറത്താക്കുന്നതിനായി നടത്തിയ ഗൂഢതന്ത്രമാണിത്.
പാലേരിമാണിക്യം സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ശങ്കർ രാമകൃഷ്ണനാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ നടിക്ക് വിവരിച്ചു നൽകിയതെന്നാണ് രഞ്ജിത്തിന്റെ വാദം. നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്. കസ്റ്റഡിയിലെടുത്ത് ചേദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവും രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.















