തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തിൽ രണ്ട് മരണം. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിലെ ഒരു ജീവനക്കാരി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്.
തിരുവനന്തപുരം സ്വദേശിയും ഓഫീസിലെ ജീവനക്കാരിയുമായ വൈഷ്ണ (35) ആണ് മരിച്ചവരിൽ ഒരാൾ. രണ്ടാമത്തെയാൾ ആരാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം.
കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ തീ അണച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓഫീസിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.















