കൊച്ചി: സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കൽ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ആഷിക് അബു – റിമ കല്ലിങ്കൽ ദമ്പതികളുടെ ഫ്ളാറ്റിൽ വച്ച് പെൺകുട്ടികളെ ലഹരി മരുന്നിന് അടിമപ്പെടുത്തിയെന്നും ലൈംഗിക ചൂഷണത്തിന് വിധേയരാക്കി എന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് യുവമോർച്ചയുടെ നടപടി. പ്രശസ്ത തെന്നിന്ത്യൻ ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി.
യുവമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷൻ വൈശാഖ് രവീന്ദ്രനാണ് പരാതി നൽകിയത്. റിമയുടെ ഫ്ലാറ്റിൽ ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്നും നൂറുകണക്കിന് പെൺകുട്ടികൾ ആ പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും അവരെ ലഹരിക്കടിമപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്യുന്നു എന്നടക്കമുള്ള വെളിപ്പെടുത്തലായിരുന്നു ഗായിക സുചിത്ര നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലഹരിവ്യാപനവും സമൂഹത്തിൽ ഉയർത്തിവിട്ട ആശങ്കകൾക്കിടയിൽ അതീവ ഗുരുതരമായ ആരോപണമാണ് സുചിത്രയുടേത്. എറണാകുളം കലൂരിൽ ആഷിക്-റിമ ദമ്പതികൾ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപക പരാതികൾ ഉയർന്നു കേൾക്കുന്നു. ഗായികയുടെ തുറന്നുപറച്ചിൽ മൊഴിയായി സ്വീകരിച്ച് ആഷിക്കിനും റിമയ്‌ക്കും എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച നൽകിയ പരാതിയിൽ പറയുന്നു.















