കണ്ണൂർ: അഴീക്കോട് ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടിലാണ് റീത്ത് വച്ചത്. നിതിനെ അക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള എട്ട് സിപിഎം പ്രവർത്തകർക്ക് രണ്ടുദിവസം മുൻപ് കോടതി അഞ്ചുവർഷം തടവ് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള സിപിഎം ശ്രമം.
കേസ് കോടതിയിൽ എത്തിയപ്പോൾ ഭീഷണികൾ ഉണ്ടായിരുന്നുവെന്ന് നിതിൻ പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് വീണ്ടും പ്രശ്നം സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അർജുൻ ആയങ്കിയും കൂട്ടാളികളുമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നു, നിതിൻ കൂട്ടിച്ചേർത്തു.
സംഭവത്തിൽ നിതിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2017 നവംബർ17നാണ് അർജുൻ ആയങ്കിയും കൂട്ടാളികളും നിതിൻ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ ആക്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് കേസിന്റെ നിർണ്ണായക വിധി വന്നത്. അർജുൻ ആയങ്കിയെ കൂടാതെ സജിത്, ജോബ് ജോൺസൺ, സുജിത്, ലെജിത്ത്, സുമിത്ത്, കെ. ശരത്, സി. സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.















