ചെന്നൈ: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടൽ ഉടമയ്ക്ക് പൊലീസുകാരന്റെ മർദനം. തമിഴ്നാട് ധർമ്മപുരിയിലെ സർക്കാർ മെഡിക്കൽ കോളജിന് സമീപമുള്ള റസ്റ്റോറന്റിലാണ് സംഭവം.
സ്പെഷ്യൽ സബ് ഇൻസ്പെക്ടറായ കാവേരിയാണ് ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചത്. ഇത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം ചൊരിയുകയായിരുന്നു. പിന്നാലെ ഷൂ എടുത്ത് കടയുടമയെ അടിക്കാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം. കടയിലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് പൊലീസുകാരനെ ഒടുവിൽ പിടിച്ച് മാറ്റിയത്.
കഴിഞ്ഞ മാസം അവസാനം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് പിന്നാലെ ധർമ്മപുരി എസ്പി അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.















