അഭിഭാഷകനോട് മോശമായി പെരുമാറി; എസ്ഐയ്‌ക്ക് 2 മാസം തടവുശിക്ഷ വിധിച്ച് കോടതി; സംഭവം ആലത്തൂരിൽ

Published by
Janam Web Desk

എറണാകുളം: ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയെന്ന പരാതിയിൽ ഹൈക്കോടതി നടപടി. എസ്ഐ വി ആർ റിനീഷിനെ രണ്ട് മാസത്തെ തടവുശിക്ഷക്ക് കോടതി വിധിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നടപടി.

ശിക്ഷ വിധിച്ചതിന് പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് കോടതി മരവിപ്പിച്ചു. ഒരു വർഷത്തേക്ക് സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയിലാണ് ശിക്ഷ മരവിപ്പിച്ചത്. ഇതോടെ എസ്ഐയ്‌ക്ക് തൽക്കാലത്തേക്ക് ജയിലിൽ പോകേണ്ടിവരില്ല. സമാന കുറ്റകൃത്യം ചെയ്താൽ മാത്രമേ രണ്ട് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടി വരികയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ. ആക്വിബ് സുഹൈലിനോടാണ് എസ്ഐ റിനീഷ് കാരണമില്ലാതെ തട്ടിക്കയറിയത്. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സ്റ്റേഷനിൽ നടന്നതെന്നും എസ്ഐയുടെ ഭാ​​ഗത്ത് തെറ്റുണ്ടായെന്നും സംസ്ഥാന പൊലീസ് മേധാവി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള എടാ, പോടാ വിളികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി പുതിയ സർക്കുലർ പുറുപ്പെടുവിച്ചിരുന്നു. സർക്കുലറിൽ പരമാർശിക്കുന്ന കാര്യങ്ങൾ കൃത്യമായ നടപ്പിലാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

Share
Leave a Comment