എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയതെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി.
സംഭവം നടന്നത് 2009-ലാണെന്നാണ് നടിയുടെ ആരോപണം. അന്നത്തെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പാണിതെന്ന് രഞ്ജിത്ത് ഹർജിയിൽ ചൂണ്ടിക്കാട്ടി. 2013ലാണ് പിന്നീട് ഇത് ജാമ്യമില്ലാ വകുപ്പായി മാറിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 353-ാം വകുപ്പാണ് രഞ്ജിത്തിനെരായി ചുമത്തിയത്.
കെട്ടിച്ചമച്ച പരാതിയാണെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാലും സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാലും അറസ്റ്റ് ഉൾപ്പെടയുള്ള നടപടികൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് സി. എസ്. ഡയസ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുകയായിരുന്നു.
പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ തന്നെ വിളിച്ചു വരുത്തി, സംവിധായകൻ രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. ഇതോടെ താൻ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും അവൾ വ്യക്തമാക്കിയിരുന്നു.