ചെന്നൈ: ലൈംഗികാതിക്രമ പരാതികൾ മാദ്ധ്യമങ്ങളെ അറിയിക്കരുതെന്ന് തമിഴിലെ സിനിമാ പ്രവർത്തകർക്ക് നടികർ സംഘത്തിന്റെ നിർദേശം നൽകി. നടികർ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയുടേതാണ് വിചിത്ര നിർദ്ദേശം.
ലൈംഗികാതിക്രമം നടക്കുകയാണെങ്കിൽ പരാതി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി)ക്ക് മുമ്പാകെ ബോധിപ്പിക്കണമെന്നാണ് നിർദേശം. വിശാൽ, നാസർ, കാർത്തി, സുഹാസിനി, രോഹിണി തുടങ്ങിയവർ അടങ്ങിയ നടികർ സംഘത്തിന്റെ ഐസിസിയുടേതാണ് തീരുമാനം.
പരാതി ലഭിക്കുകയാണെങ്കിൽ യോഗം ചേർന്ന് നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സമിതി. ആദ്യഘട്ടത്തിൽ ലൈംഗികാതിക്രമം നടത്തിയവർക്ക് താക്കീത് നൽകും. അതിക്രമം ആവർത്തിക്കുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്.
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നുകാട്ടി, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ തമിഴ് സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നു. പരാതികൾ അന്വേഷിക്കാൻ 10 അംഗ സമിതിയെ നിയോഗിക്കുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിശാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സർക്കുലറുമായി നടികർ സംഘത്തിന്റെ ഐസിസി രംഗത്തെത്തിയത്.















